This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൂഷല്‍ സ്റ്റേറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൂഷല്‍ സ്റ്റേറ്റുകള്‍

Trucial States

അറേബ്യന്‍ ഉപദ്വീപിലുണ്ടായിരുന്ന ബ്രിട്ടിഷ് സംരക്ഷിത ഷേഖ് ഭരണ പ്രദേശങ്ങള്‍. ട്രൂഷല്‍ ഒമാന്‍ എന്നും ട്രൂഷല്‍ കോസ്റ്റ് എന്നും അറിയപ്പെടുന്നുണ്ട്. അറേബ്യന്‍ കടലില്‍ ഗള്‍ഫ് ഒഫ് ഒമാന്റെ വടക്കു പടിഞ്ഞാറായി, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരപ്രദേശത്ത് കിടക്കുന്ന ചെറു രാജ്യങ്ങളാണിവ. ബ്രിട്ടിഷുകാര്‍ 19-ാം ശ. -ത്തില്‍ ഷേഖുമാരുമായുണ്ടാക്കിയ ഉടമ്പടികളെ (truces) അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രദേശങ്ങളെ ട്രൂഷല്‍ സ്റ്റേറ്റുകള്‍ എന്നു വിളിച്ചുവരുന്നത്. ഷേഖ്ഡമുകളില്‍ ആറെണ്ണം ചേര്‍ന്ന് 1971 ഡി. 2 -ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) എന്ന രാഷ്ട്രം രൂപവത്കരിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫൂജെയ്റ, ഉം അല്‍ ക്വായ് വയിന്‍ എന്നിവയാണ് ഈ ആറു പ്രദേശങ്ങള്‍. ഏഴാമത്തെ പ്രദേശമായ റാസല്‍ ഖൈമ 1972 ഫെ. -ല്‍ യു.എ.ഇ.യോടു ചേര്‍ന്നു.

ഈ പ്രദേശങ്ങള്‍ ഏഴാം ശ. -ത്തിലാണ് ഇസ്ലാം മതാനുയായികളുടെ അധീനതയിലായത്. ശതകങ്ങളോളം രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കു വേദിയായിത്തീര്‍ന്ന ഈ തീരപ്രദേശം, കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായി അറിയപ്പെട്ടുതുടങ്ങി. അതു കൊണ്ട് ഇവയെ 'പയ്റേറ്റ് കോസ്റ്റ്' (Pirate Coast) എന്നും വിളിച്ചിരുന്നു. ക്രമേണ ബ്രിട്ടിഷുകാര്‍ ഈ പ്രദേശങ്ങളിലെ ഷേഖ്മാര്‍ക്കുമേല്‍ ആധിപത്യമുറപ്പിച്ചു. 19-ാം ശ. -ത്തില്‍ നിരവധി നിയന്ത്രണ കരാറുകളിലൂടെ (1820, 1853, 1892) ഇവിടെ നിലനിന്നിരുന്ന കടല്‍ക്കൊള്ളയും അടിമവ്യാപാരവും ക്രമേണ അമര്‍ച്ചചെയ്യപ്പെട്ടു.

ബ്രിട്ടിഷുകാര്‍ ഷേഖ് ഭരണപ്രദേശങ്ങളുമായുണ്ടാക്കിയ ഉടമ്പടികളനുസരിച്ച് വിദേശ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ബ്രിട്ടന്‍ ആയിരുന്നു. ബ്രിട്ടന്റെ ബഹറിനിലുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് റസിഡന്റിന്റെ കീഴില്‍ ട്രൂഷല്‍ പ്രദേശങ്ങള്‍ക്കായി ദുബായ് ആസ്ഥാനമാക്കി ഒരു പൊളിറ്റിക്കല്‍ ഏജന്റിനെയും ബ്രിട്ടിഷ് ഗവണ്‍മെന്റ് നിയമിച്ചിരുന്നു. 'പേര്‍ഷ്യന്‍ ഗള്‍ഫ് റസിഡന്റ് ഇന്‍ ബഹറൈന്' (Persian Gulf resident in Bahrain) തൊട്ടുതാഴെയായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. എന്നാല്‍ ആഭ്യന്തര കാര്യങ്ങളില്‍ പരിമിതമായ അധികാരങ്ങളേ ബ്രിട്ടന്‍ വിനിയോഗിച്ചിരുന്നുള്ളൂ.

നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്ന ഷേഖുമാര്‍ ഇടയ്ക്കിടയ്ക്ക് തമ്മിലേറ്റുമുട്ടുക പതിവായിരുന്നു. അന്ന് ഇവിടത്തെ ഏക പ്രമുഖ സൈനിക സംഘടനയായിരുന്ന ട്രൂഷല്‍ സ്കൗട്ട്സിന്റെ നേതൃത്വം ബ്രിട്ടനായിരുന്നു. 1971-ല്‍ ബ്രിട്ടന്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തുനിന്ന് പിന്‍വാങ്ങി. അബുദാബിയുടെ തീരത്തി നടുത്തായി കടലില്‍നിന്ന് എണ്ണ കണ്ടെത്തിയതിന് 13 വര്‍ഷം കഴിഞ്ഞായിരുന്നു ഇത്. പുതുതായി രൂപമെടുത്ത 'യുണൈറ്റഡ് അറബ് എമിറേറ്റ്സ്' അഥവാ യു.എ.ഇ ബ്രിട്ടനുമായുള്ള എല്ലാ ഉടമ്പടികള്‍ക്കും പകരം ഒരു സൗഹൃദ ഉടമ്പടി നിലനിര്‍ത്തിയിട്ടുണ്ട്. നോ: യു.എ.ഇ.

(ഡോ. വി. മുരളീധരന്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍